ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
സംസ്കാരിക പശ്ചാത്തലം
വിളവൂർക്കല്‍ ഗ്രാമപഞ്ചായത്തില്‍ മൂക്കുന്നിമലയുടേയും വെള്ളായണി കായലിന്റേയും സാമീപ്യമേറ്റു കിടക്കുന്ന ഈ പഞ്ചായത്തിലും ഗതകാല സ്മരണകളുയര്‍ത്തുന്ന ചില അവശേഷിപ്പുകള്‍ ഇപ്പോഴും കാണാം. ഈ പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയമായ വിളവൂര്‍ക്കല്‍ ഗവ. എല്‍.പി. സ്കൂളിന് ഏകദേശം എട്ട് ദശകങ്ങളുടെ പഴക്കമുണ്ട്. 1953-ല്‍ എം.ജി.എം ഗ്രന്ഥശാല സ്ഥാപിതമായി. തേവിക്കോണം ശ്രീ ഈശ്വര കലാഭൂതനാഥ ക്ഷേത്രം, പൊറ്റയില്‍ ചെല്ലമംഗലം കുന്നുവിള ദേവി ക്ഷേത്രം, പേയാട് അമ്മന്‍ കോവില്‍ ക്ഷേത്രം, ചൂഴാറ്റുകോട്ട തമ്പുരാന് ക്ഷേത്രം, ശ്രീകണ്ഠന് ശാസ്താ ക്ഷേത്രം എന്നിവയാണ് പഞ്ചായത്തു പ്രദേശത്തെ പ്രധാന ആരാധനാലയങ്ങള്‍. 1966-67 കാലഘട്ടത്തില്‍ ടാര്‍ ചെയ്ത മലയിന്‍കീഴ്-പാപ്പനംകോട് റോഡും, കുണ്ടമണ്‍ഭാഗം-മലയിന്‍കീഴ് റോഡുമാണ് ഇവിടുത്തെ പ്രധാനപ്പെട്ട റോഡുകള്‍.
തിരുവനന്തപുരം ജില്ലയില്‍ നെയ്യാറ്റിന്‍കര താലൂക്കില്‍ നേമം അസംബ്ളി മണ്ഡലത്തില്‍ വിളവൂര്‍ക്കല്‍ വില്ലേജുള്‍പ്പെടുന്ന വിളവൂര്‍ക്കല്‍ പഞ്ചായത്ത് 1979-ലാണ് രൂപീകൃതമായത്. 12.02 ച:കി.മീ വിസ്തീര്‍ണ്ണമുള്ള വിളവൂര്‍ക്കല്‍ തിരുവനന്തപുരം നഗരസഭ പരിധിയോടടുത്തു കിടക്കുന്നു. വിളപ്പില്‍, മലയിന്‍കീഴ്, പള്ളിച്ചല്‍ എന്നീ പഞ്ചായത്തുകളും വിളവൂര്‍ക്കലിന്റെ അതിര്‍ത്തി പങ്കിടുന്നു. പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റ് കെ.പൊന്നയ്യന്‍ നാടാര്‍ ആയിരുന്നു. 1966-67 കാലഘട്ടത്തില്‍ നവീകരിച്ച മലയിന്‍കീഴ്-പാപ്പനംകോട് റോഡും കുണ്ടമണ്‍ഭാഗം-മലയിന്‍കീഴ് റോഡുമാണ് ഇവിടുത്തെ പ്രധാന റോഡുകള്‍. തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തിലാണ് വിളവൂര്‍ക്കല്‍ പഞ്ചായത്ത് ഉള്‍പ്പെടുന്ന പ്രദേശം. കുന്നുകളും, സമതലങ്ങളും, പാടശേഖരങ്ങളും, പാറക്കൂട്ടങ്ങളും ചേര്‍ന്ന ഭൂപ്രകൃതിയാണ് പഞ്ചായത്തിന്റേത്. കരമനയാര്‍ പഞ്ചായത്തിലൂടെയാണ് ഒഴുകുന്നത്.കുളങ്ങള്‍,കിണറുകള്‍,തോടുകള്‍ എന്നിവയാണ് മറ്റ് പ്രധാന ജലസ്രോതസ്സുകള്‍. സമതലങ്ങളിലും താഴ്വരകളിലും ഫലഭൂയിഷ്ടമായ മണ്ണും നെല്‍പ്പാടങ്ങളില്‍ മണല്‍ കലര്‍ന്ന കളിമണ്ണുമാണുള്ളത്. കുന്നിന് പ്രദേശങ്ങളില്‍ റബ്ബര്‍ കൃഷി ചെയ്യുന്നു. കൂടാതെ തരിശായി കിടക്കുന്ന പ്രദേശവുമുണ്ട്. ചെരിഞ്ഞ പ്രദേശങ്ങളില്‍ തെങ്ങ്, മാവ്, ഫലവൃക്ഷങ്ങള്‍ എന്നിവ കാണുന്നു. സമതലങ്ങളില്‍ തെങ്ങ്, വാഴ, മരച്ചീനി എന്നിവയ്ക്കു പുറമേ അങ്ങിങ്ങായി മറ്റു നാണ്യവിളകളും കൃഷി ചെയ്യുന്നു. നെല്‍പ്പാടങ്ങളില്‍ നെല്ലിനുപുറമേ വാഴ, പച്ചക്കറികള്‍ എന്നിവ കൃഷി ചെയ്യുന്നു. ഈ പഞ്ചായത്തില്‍ സംസ്ഥാന ശരാശരിയോളം മഴ ലഭിക്കുന്നു. ശക്തിയായി കാലവര്‍ഷവും നീണ്ട വരള്‍ച്ചയും അനുഭവപ്പെടുന്ന ഈ പഞ്ചായത്തിലും ഏറ്റവും അധികം മഴ ലഭിക്കുന്നത് ജൂണ്‍, ജൂലൈ മാസങ്ങളിലാണ്.